എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ വ്യക്തമാക്കി.
കൌമാരക്കാരും കുട്ടികളും വിവിധ കമ്പനികളുടെ എനര്‍ജി ഡ്രിങ്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റിയെ ബാധിക്കുന്നത് മൂലം ഹൃദ്രോഗത്തിന് കാരണമാകും.
നാഡീ വ്യൂഹത്തെ ബാധിക്കുന്നത് വഴി ഉറക്കമില്ലായ്മ, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. അമിത വണ്ണം, പ്രമേഹം എന്നിവയ്ക്കും എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം വഴിവെക്കും. അസിഡിക് സ്വഭാവം കാരണം പല്ലുകള്‍ ദ്രവിക്കാനും സാധ്യതയുണ്ട്.
ഓര്‍മക്കുറവ്, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും കുട്ടികളിലുണ്ടാക്കും. ഖത്തറില്‍ എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗം വര്‍ധിച്ച് വരുന്നതയാണ് കണക്കുകള്‍ പറയുന്നത്. 2016 മുതല്‍ തന്നെ ബോട്ടിലുകളില്‍ മുന്നറിയിപ്പില്ലാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഖത്തറില്‍ വിലക്കുണ്ട്.