ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ആദ്യഘട്ടമായാണ് സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്
ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ഇന്നുമുതല്‍ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം.
ഖത്തറില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. പ്രവാസികളെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 50 ഖത്തര്‍ റിയാലാണ് ഇന്‍ഷുറന്‍സ് പ്രീമിയം. വിസാ കാലാവധി നീട്ടുമ്പോള്‍ പ്രീമിയവും അടയ്ക്കണം.
അടുത്ത ഘട്ടത്തിലാകും തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരിക. തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ചികിത്സാ സേവനങ്ങൾ കവർ ചെയ്യുന്ന പ്രീമിയം ഇൻഷുറൻസ് പോളിസി ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെയും റിക്രൂട്ടർമാരുടെയും നിർബന്ധ ബാധ്യതയാണ്. ഹയ്യാ കാര്‍ഡ് വഴി ലോകകപ്പിനെത്തുന്നവരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് നല്ലതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.