പ്രവാസി തൊഴിലാളികള്‍ ഖത്തറിലെ നിയമങ്ങളെയും സംസ്‌കാരത്തെയും മാനിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

ഖത്തര്‍ പിന്തുടരുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രധാരണം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു

Update: 2022-02-23 05:44 GMT
Advertising

പ്രവാസി തൊഴിലാളികള്‍ രാജ്യത്തെ നിയമങ്ങളെയും സംസ്‌കാരത്തെയും മാനിക്കണമെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ഉണര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ക്കായി നടത്തിയ പ്രത്യേക വെബിനാറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓരോ പ്രവാസിയും അവരവരുടെ രാജ്യത്തിന്റെ പ്രതിനിധിയും അംബാസഡറുമാണ്. തന്റെ രാജ്യത്തെ കുറിച്ച് മറ്റുള്ളവര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണം. ഖത്തറിലെത്തുന്ന പ്രവാസികള്‍ ഇവിടുത്ത നിയമങ്ങളും സംസ്‌കാരവും പാരമ്പര്യവും മാനിക്കണം.

ഖത്തര്‍ പിന്തുടരുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രധാരണം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. മോഷണം, പിടിച്ചുപറി,ചൂതാട്ടം, ബില്‍ തുക അടയ്ക്കാതിരിക്കുക, ലഹരി ഉപയോഗം തുടങ്ങിയ പരാതികളാണ് നിലവില്‍ പൊലീസിന് കാര്യമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് വേതനം കൃത്യസമയത്ത് നല്‍കാന്‍ കമ്പനികള്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അലി ഫലാഹ് ഇല്‍ മര്‍റി ഓര്‍മപ്പെടുത്തി. വീഴ്ചയുണ്ടായാല്‍ തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കണം. തൊഴിലാളികള്‍ക്കാവശ്യമായ സുരക്ഷയും ഭക്ഷണവും താമസ സൗകര്യവും തൊഴിലുടമകള്‍ ഉറപ്പാക്കണം.

മോഷണവും അക്രമങ്ങളും തടയാന്‍ താമസസ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. അതോടൊപ്പം തന്നെ ഏതെങ്കിലും തൊഴിലാളിയില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ വിവരം അറിയക്കിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News