ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരക്കാരൻ
ഖത്തര്‍ മാസ്റ്റേഴ്സ് ചെസിലാണ് തമിഴ്നാട്ടുകാരൻ എം. പ്രണേഷ് കരുത്ത് കാട്ടിയത്
Update: 2023-10-16 01:39 GMT
ഖത്തര്‍ മാസ്റ്റേഴ്സ് ചെസില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യൻ കൗമാരക്കാരൻ. തമിഴ്നാട്ടില്‍ നിന്നുള്ള എം. പ്രണേഷാണ് കാള്‍സനെ സമനിലയില്‍ കുരുക്കിയത്.
ലുസൈൽ സ്പോർട്സ് അറീനയിൽ നടന്ന മത്സരത്തിൽ 53 നീക്കത്തിനൊടുവിൽ കാൾസൻ 17 കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർക്ക് മുന്നിൽ സമനില വഴങ്ങുകയായിരുന്നു.
ലോകചാമ്പ്യൻഷിപ്പിൽ കാൾസനെ വിറപ്പിച്ച പ്രഗ്നാനന്ദക്കു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഭാവിതാരമെന്ന് വിശേഷിപ്പിക്കുന്ന പ്രണേഷിന്റെ ചടുലമായ നീക്കങ്ങളിലായിരുന്നു കാൾസൻ വിജയം കൈവിട്ട് സമനില സമ്മതിച്ചത്.
രണ്ടാം റൗണ്ടിൽ തോറ്റ കാൾസൻ, ഞായറാഴ്ച രാത്രിയിലെ അഞ്ചാം റൗണ്ട് മത്സരം പൂർത്തിയായപ്പോൾ 3.5 പോയന്റുമായി 12ാം സ്ഥാനത്താണുള്ളത്.