ഖത്തറിനോട് അരിശം തീരാതെ ആര്‍.എസ്.എസ്; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അടിമപ്പണിയെന്ന് ആരോപണം
പ്രവാചകനിന്ദയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത ഖത്തറിനോടുള്ള അരിശം തീരാതെ ആര്‍.എസ്.എസ്. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളെ അടിമപ്പണിയെടുപ്പിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായാണ് ഇത്തവണ ആർ.എസ്.എസിന് കീഴിലെ തൊഴിലാളി യൂണിയനായ ബി.എം.എസ് (ഭാരതീയ മസ്ദൂര്‍ സംഘ്) രംഗത്തെത്തിയിരിക്കുന്നത്.
ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികള്‍ അടിമ വേലയ്ക്ക് തുല്യമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നാണ് ജനീവയില്‍ നടക്കുന്ന 110ാമത് അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിനിടെ ബി.എം.എസ് ആരോപിച്ചിരിക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളോട് അടിമത്തൊഴിലാളികളോടെന്ന പോലെയുള്ള പെരുമാറ്റമാണ് ഖത്തര്‍ സര്‍ക്കാരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും നടത്തുന്നതെന്നാണ് ബിഎംഎസ് പറഞ്ഞത്.
ബി.ജെ.പി വക്താക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും കുറിച്ച് നടത്തിയ ആക്ഷേപകരമായ പ്രസ്താവനകളില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ആദ്യ രാജ്യങ്ങളിലൊന്നയിരുന്നു ഖത്തര്‍.
ഫിഫ ലോകകപ്പിനോടനുബന്ധിച്ചുള്ള ജോലികള്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ തൊഴിലാളികളെ അടിമവേല ചെയ്യിപ്പിക്കുകയാണ്. നിലവില്‍ ഖത്തറിലെ തൊഴിലാളികളെ നിയന്ത്രിക്കുന്ന കാഫാല സമ്പ്രദായത്തെയും പ്രസ്താവന അപലപിച്ചു. ഇന്ത്യന്‍ തൊഴിലാളികളെ കൂടാതെ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെയും കാഫാല സമ്പ്രദായം പ്രയാസത്തിലാക്കുന്നു, തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കല്‍, മോശം ജീവിതസാഹചര്യങ്ങള്‍, ഓവര്‍ടൈം ജോലിയെടുപ്പിക്കല്‍, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം, ആളുകളെ കഴിവില്ലാത്ത മേഖലകളില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഭാരതീയ മസ്ദൂര്‍ സംഘ് ഉന്നയിച്ചിട്ടുള്ളത്.
ഖത്തറില്‍ വച്ച് 2014 മുതല്‍ 1,611 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ ഇന്ത്യയിലേക്കെത്തിക്കല്‍ നടപടികള്‍ പ്രയാസകരമായിരുന്നുവെന്നും ബിഎംഎസ് ആരോപിച്ചു.
ഇന്ത്യന്‍ തൊഴിലാളികളോട് നല്ല രീതിയില്‍ പെരുമാറണമെന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ഖത്തര്‍ സര്‍ക്കാരിനോടും ട്രേഡ് യൂണിയന്‍ പ്രതിനിധികളോടും ബിഎംഎസ് ആവശ്യപ്പെട്ടു.
പ്രവാചകനിന്ദയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തതോടെ ഖത്തര്‍ ലോകകപ്പും, ഖത്തര്‍ ആസ്ഥാനമായുള്ള ലോകത്തെതന്നെ മുന്‍നിര വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേസും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായും തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് സൈബര്‍ ലോകം പ്രതികരിച്ചിരുന്നത്.