ഇന്ത്യയുടെ ഇതിഹാസ താരം നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിനെത്തും
ദോഹയിൽ കാലാവസ്ഥാ അനുകൂലമായാൽ 90 മീറ്റർ കടക്കാനാകുമെന്നു നീരജ് ചോപ്ര
Update: 2024-03-28 18:35 GMT
ദോഹ: ജാവലിൻ ത്രോയിലെ ഇന്ത്യയുടെ ഇതിഹാസ താരം നീരജ് ചോപ്ര ദോഹ ഡയമണ്ട് ലീഗിനെത്തും. മെയ് പത്തിനാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. പാരീസ് ഒളിമ്പിക്‌സ് പടിവാതിൽക്കൽ നിൽക്കെ നടക്കുന്ന സുപ്രധാന വേദിയെന്ന നിലയിൽ ജാവലിൻ ത്രോയിലെ പ്രമുഖരെല്ലാം ദോഹയിൽ മാറ്റുരയ്ക്കും.
കഴിഞ്ഞ തവണ 88.67 മീറ്റർ ദൂരം എറിഞ്ഞ് സ്വർണമണിഞ്ഞ നീരജിന് ഇത്തവണയും കടുത്ത മത്സരം അതിജീവിക്കേണ്ടി വരും. മുൻ ലോകചാമ്പ്യൻ ജർമനിയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാലേഷ്, ജർമനിയുടെ തന്നെ യൂറോപ്യൻ ചാമ്പ്യൻ ജൂലിയൻ വെബർ തുടങ്ങിയവരെല്ലാം ഖത്തർ സ്‌പോർട്‌സ് ക്ലബിൽ മത്സരിക്കാനുണ്ടാകും. ഒളിമ്പിക്‌സ് സ്വർണം നിലനിർത്തുകയാണ് ലക്ഷ്യം. ദോഹയിൽ കാലാവസ്ഥാ അനുകൂലമായാൽ 90 മീറ്റർ കടക്കാനാകുമെന്നും നീരജ് ചോപ്ര പ്രതീക്ഷ പ്രകടിപ്പിച്ചു.