അന്താരാഷ്ട്ര സമാധാന സൂചിക; മിഡിലീസ്റ്റിൽ ഖത്തർ രണ്ടാം സ്ഥാനത്ത്
ഗ്ലോബൽ പീസ് ഇൻഡക്‌സ് റിപ്പോർട്ടിൽ 163 രാജ്യങ്ങളിൽ 29ാംസ്ഥാനത്താണ് ഖത്തർ
ദോഹ: ആഗോള സമാധാന സൂചികയിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഖത്തർ രണ്ടാം സ്ഥാനത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്റ് പീസാണ് പട്ടിക തയ്യാറാക്കിയത്. ഗ്ലോബൽ പീസ് ഇൻഡക്‌സ് റിപ്പോർട്ടിൽ 163 രാജ്യങ്ങളിൽ 29ാംസ്ഥാനത്താണ് ഖത്തർ. മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിൽ കുവൈത്ത് മാത്രമാണ് ഖത്തറിന് മുന്നിലുള്ളത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ മൂലം ഇത്തവണത്തെ പട്ടികയിൽ ഒമ്പത് സ്ഥാനങ്ങൾ ഖത്തറിന് നഷ്ടമായി. എന്നാലും ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാൾ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. വിവിധ മേഖലകളിലായി 23 മാനകങ്ങളാണ് റാങ്കിങ് തയ്യാറാക്കാൻ അടിസ്ഥാനമാക്കുന്നത്. ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവുമാണ് ഇതിൽ പ്രധാനം.
ഐസ്‌ലൻഡ്, അയർലൻഡ്, ഓസ്ട്രിയ, ന്യൂസിലാൻറ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ നാല് രാജ്യങ്ങൾ. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും റഷ്യയുടെ യുക്രൈൻ അധിനിവേശവും സമാധാന സൂചികയെ സാരമായി ബാധിച്ചിട്ടുണ്ട്. പട്ടികയിൽ ഇന്ത്യ 116 ആം സ്ഥാനത്താണ്, യെമനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.