യൂറോപ്പ് നൂറിലേറെ വര്‍ഷമെടുത്ത് നേടിയ വികസനം ഖത്തര്‍ കുറഞ്ഞസമയം കൊണ്ട് നേടിയെന്ന് ഫിഫ പ്രസിഡന്റ്

Update: 2022-06-27 15:47 GMT
Advertising

ദോഹ: ഈ വര്‍ഷാവസാനം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടിയതിന് ശേഷമുള്ള വളരെ കുറഞ്ഞ കാലയളവില്‍ ഖത്തര്‍ നടത്തിയത് അഭൂതപൂര്‍വമായ വളര്‍ച്ചയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. എന്നാല്‍ നൂറുകണക്കിന് വര്‍ഷങ്ങളെടുത്താണ് യൂറോപ്പ് ഇത്തരം വികസനങ്ങളിലേക്കും സൗകര്യങ്ങളിലേക്കുമെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം ദോഹയില്‍ നടന്ന ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് ഇന്‍ഫാന്റിനോയുടെ വെളിപ്പെടുത്തല്‍.

ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ലഭിച്ച അവസരം രാജ്യത്തിന്റെ മാറ്റത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സുവര്‍ണാവസരമാക്കി മാറ്റാന്‍ അധികാരികള്‍ക്ക് സാധിച്ചു. രാജ്യത്തെ സാമൂഹിക-തൊഴില്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍, രാജ്യത്ത് ആദ്യമായി മനിമം വേതന നിയമം പ്രാബല്യത്തില്‍ വന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിമാസ മിനിമം വേതനം 1,000 ഖത്തര്‍ റിയാലാക്കിയാണ് നിശ്ചയിച്ചത്. ചില പ്രത്യേക തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന അലവന്‍സുകളും നിയമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമകള്‍ക്ക് ഒരു വര്‍ഷം തടവും 10,000 ഖത്തര്‍ പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ഖത്തര്‍ വളരെക്കാലമായിതന്നെ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്‍ഫാന്റിനോയ്ക്ക് തൊട്ടുമുമ്പ് സംസാരിച്ച സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി എടുത്ത് പറഞ്ഞിരുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വലിയ മാറ്റങ്ങള്‍ക്ക് ലോകകപ്പ് ഒരു ചാലകശക്തിയായി പ്രവര്‍ത്തിച്ചു. തൊഴില്‍ പരിഷ്‌കാരങ്ങള്‍ കൃത്യമായിത്തന്നെയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പേരില്‍ തങ്ങളെ തീവ്രമായി വിമര്‍ശിച്ച പലരും ഇന്ന് തങ്ങളെ ശക്തമായി പിന്തുണക്കുന്നവരായി മാറി. വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് എല്ലാ തെറ്റിദ്ധാരണകള്‍ക്കും കാരണമെന്നും അല്‍ തവാദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News