കരിപ്പൂര്‍-ദോഹ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാരുടെ യാത്രക്കായി ഏര്‍പ്പെടുത്തിയ എയര്‍ബബിള്‍ യാത്രാകരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം മൂലമാണ് യാത്ര മുടങ്ങിയത്.

Update: 2021-07-01 09:33 GMT
Advertising

ഇന്ന് കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ത്യ ഖത്തര്‍ എയര്‍ ബബ്ള്‍ യാത്രാ കരാറിലെ അവ്യക്തതയാണ് കാരണം. വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാരുടെ യാത്രക്കായി ഏര്‍പ്പെടുത്തിയ എയര്‍ബബിള്‍ യാത്രാകരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം മൂലമാണ് യാത്ര മുടങ്ങിയത്. ജൂണ്‍ 30 അര്‍ദ്ധരാത്രി വരെയായിരുന്നു ഇതുവരെ കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ അവസാനിച്ച കരാര്‍ പുതുക്കപ്പെടാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് വിമാനം പുറപ്പെടാനുള്ള തടസം അധികൃതര്‍ അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ ബഹളം വെച്ചെങ്കിലും ഏഴു മണിക്കൂറിനു ശേഷം സര്‍വീസ് റദ്ദാക്കിയതായി എയര്‍ഇന്ത്യ അറിയിക്കുകയായിരുന്നു. അതേസമയം, കരാര്‍ പുതുക്കുന്നതിനായി ഔദ്യോഗിക തലത്തിലുള്ള അടിയന്തിര ചര്‍ച്ചകള്‍ നടക്കുന്നതായും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News