ഫാൽക്കണുകളുടെ പ്രദർശനം, ലേലം; കതാറ ഫാല്‍ക്കണ്‍ ഫെസ്റ്റിവലിന് തുടക്കം
19 രാജ്യങ്ങളിൽ നിന്നായി 190ഓളം കമ്പനികളും ഏജൻസികളുമാണ് പങ്കാളികളാകുന്നത്.
ദോഹ: കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫെസ്റ്റിവലിന് തുടക്കം. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഖത്തർ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നായി 190ഓളം കമ്പനികളും ഏജൻസികളുമാണ് പങ്കാളികളാകുന്നത്. ഖത്തറിന്റെ സാംസ്കാരിക നഗരിയായ കതാറ ഇനി ഫാൽകൺ പക്ഷികളുടെ ലോകമാണ്. പ്രൗഢിയോടെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഫാൽകൺ പക്ഷികള്‍. അവരെ കാണാനായി ഖത്തറില്‍ നിന്നും പുറത്തു നിന്നുമെത്തുന്ന ഫാല്‍ക്കണ്‍ പ്രേമികള്‍.
ദിവസവും രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ പ്രദർശന വേദിയിലേക്ക് പ്രവേശനമുണ്ട്. ഫാൽകൺ പക്ഷികൾ മാത്രമല്ല, പക്ഷിവേട്ടയുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴിലൊരുക്കിയാണ് പ്രദർശനം നടക്കുന്നത്. ഫാൽകൺ പക്ഷികളുടെ ലേലവും ഇവിടെ നടക്കും. കോടികളാണ് ഫാല്‍ക്കണ്‍ ലേലത്തില്‍ ലഭിക്കാറുള്ളത്. സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഫാല്‍ക്കണ്‍ മേള കാണാന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്.