സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേളയെ ഏറ്റെടുത്ത് സ്വദേശികളും വിദേശികളും
ആദ്യ രണ്ട് ദിനങ്ങളിൽ ഇരുപതിനായിരത്തിലേറെ കിലോ മാമ്പഴങ്ങളാണ് വിറ്റഴിച്ചത്
ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ ആരംഭിച്ച ഇന്ത്യൻ മാമ്പഴമേളയെ ഏറ്റെടുത്ത് സ്വദേശികളും വിദേശികളും. ആദ്യ രണ്ട് ദിനങ്ങളിൽ വിറ്റഴിച്ചത് ഇരുപതിനായിരത്തിലേറെ കിലോ മാമ്പഴങ്ങൾ. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികൾക്ക് പുറമെ, സ്വദേശികളുടേയും വിവിധ രാജ്യക്കാരുടെയും ഒഴുക്കിനാണ് സൂഖ് വാഖിഫ് സാക്ഷ്യം വഹിക്കുന്നത്.
അവധി ദിവസമായ വെള്ളിയാഴ്ച പതിനായിരത്തോളം സന്ദർശകർ ഒഴുകിയെത്തിയതോടെ മേളയിൽ വലിയ തിരക്കും അനുഭവപ്പെട്ടു. ആദ്യ ദിനമായ വ്യാഴാഴ്ച 8,500 കിലോയും, രണ്ടാം ദിനം 13,000 കിലോയും മാമ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. 60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്‌ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കുന്നത്. ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന മാമ്പഴ പ്രദർശന-വിൽപനമേള ജൂൺ എട്ടുവരെ നീളും. ദിവസവും നാല് മുതൽ ഒമ്പതു വരെയാണ് പ്രദർശനം.