അടിമുടി മാറാൻ ഖത്തറിലെ ലുസൈൽ സിറ്റി; സാങ്കേതിക വിദ്യകളാൽ സംയോജിപ്പിച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റും
പദ്ധതിയുടെ ഭാഗമായി ഖത്തരി ദിയാറും സിംഗപ്പൂർ ആസ്ഥാനമായ എസ്.ടി എഞ്ചിനീയറിങ്ങും കരാറിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറിലെ അത്യാധുനിക നഗരമായ ലുസൈൽ സിറ്റി അടിമുടി മാറുന്നു. 16.77 കോടി റിയാൽ മുടക്കിയാണ് ലുസൈൽ നഗരത്തെ സ്മാർട്ടാക്കി മാറ്റുന്നത്. ലുസൈൽ സിറ്റിയെ സ്മാർട്ടാക്കി മാറ്റുന്നതിന് ഖത്തരി ദിയാറും സിംഗപ്പൂർ ആസ്ഥാനമായ എസ്.ടി എഞ്ചിനീയറിങ്ങും തമ്മിലാണ് ഒപ്പുവെച്ചത്. ഈ വർഷം അവസാന പാദത്തിൽ തുടങ്ങി 2027 ഓടെ പദ്ധതി പൂർത്തിയാക്കും.
രൂപകൽപന, നിർമാണം, നടത്തിപ്പ് ഉൾപ്പെടെ കരാറിൽ ഇരു വിഭാഗവും ഒപ്പുവെച്ചു.നിർമിത ബുദ്ധിയും, ഡാറ്റാധിഷ്ഠിത സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ സംയോജിത സ്മാർട്ട് സിറ്റിയായി ലുസൈലിനെ മാറ്റിയെടുക്കുന്നതാണ് പദ്ധതി. ലുസൈലിനെ സുസ്ഥിര നഗരമാക്കി മാറ്റുന്നതിനൊപ്പം 4.50 ലക്ഷത്തോളം വരുന്ന താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരവും മെച്ചപ്പെടുത്തും. അസറ്റ് മാനേജ്‌മെൻറ് പ്ലാറ്റ്‌ഫോം വഴി മുഴുസമയ ഓട്ടോമേറ്റഡ് നഗര, കെട്ടിട-അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിരീക്ഷണവും പ്രവർത്തന മേൽനോട്ടവുമെല്ലാം പദ്ധതിയുടെ ഭാഗമാണ്.