സ്വത്വ രാഷ്ട്രീയത്തെ മാറ്റി നിർത്തി മലയാള സിനിമക്ക് മുന്നോട്ടുപോകാനാകില്ല: സംവിധായകൻ സക്കരിയ
മലബാറിലെ സ്വത്വ രാഷ്ട്രീയ സിനിമകളെ അംഗീകരിക്കാനാവില്ലെന്ന് ആഷിഖ് അബു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സക്കരിയ ദോഹയില്‍ പറഞ്ഞു
സ്വത്വ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തി മലയാള സിനിമക്ക് മുന്നോട്ടുപോകാനാകില്ലെന്ന് സംവിധായകന്‍ സക്കരിയ. മലബാറിലെ സ്വത്വ രാഷ്ട്രീയ സിനിമകളെ അംഗീകരിക്കാനാവില്ലെന്ന് ആഷിഖ് അബു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സക്കരിയ ദോഹയില്‍ പറഞ്ഞു. മലബാറിലെ സ്വത്വരാഷ്ട്രീയ സിനിമകളെ അംഗീകരിക്കാനാവില്ലെന്ന ആഷിഖ് അബുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സക്കരിയ.
സ്വത്വം മാറ്റിവെച്ചുള്ള ഒരു കലാപ്രവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. കേരള സ്റ്റോറി പോലുള്ള പ്രൊപഗണ്ട സിനിമകള്‍ തടയുക എന്നതിനേക്കാള്‍ അതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കൂടുതല്‍ പ്രായോഗികമെന്നും സക്കരിയ പറഞ്ഞു.
ഖത്തറിലെ ചലച്ചിത്രാസ്വാദകരുടെ കൂട്ടായ്മയായ ഫില്‍ഖ സംഘടിപ്പിക്കുന്ന ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സക്കരിയയും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ദനായ എം. നൗഷാദും. നാളെയും മാറ്റെന്നാളുമായി നടക്കുന്ന വര്‍ക്ക് ഷോപ്പിലേക്ക് രജിസ്ട്രേഷന്‍ വഴിയാണ് പ്രവേശനം . വാര്‍ത്താ സമ്മേളനത്തില്‍ ഫില്‍ഖ ചെയര്‍മാന്‍ അഷ്റഫ് തൂണേരി.അഡ്രസ് ഇവന്റ്സ് പ്രതിനിധി ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു.