ഖത്തറില്‍ മീഡിയവണ്‍ എജ്യുനെക്സ്റ്റ് കരിയര്‍ കൗണ്‍സിലിങ് ശനിയാഴ്ച
വിദേശത്ത് പഠനം ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള വഴികാട്ടിയാണ് എജ്യുനെക്സ്റ്റ്.
ദോഹ: വിദേശത്ത് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഖത്തറില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന എജ്യുനെക്സ്റ്റ് കരിയര്‍ കൗണ്‍സിലിങ്ങും സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റും ഇന്ന് (ശനിയാഴ്ച) നടക്കും. വൈകിട്ട് മൂന്ന് മുതല്‍ ദോഹ ക്രൗണ്‍പ്ലാസ ഹോട്ടലിലാണ് പരിപാടി. വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദേശത്ത് പഠനം ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള വഴികാട്ടിയാണ് എജ്യുനെക്സ്റ്റ്. പ്ലസ്ടുവിന് ശേഷവും ഡിഗ്രിക്ക് ശേഷവും വിദേശത്ത് ലഭ്യമായ പഠനാവസരങ്ങളെ കുറിച്ച് എജ്യുനെക്സ്റ്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദീകരിച്ചു നല്‍കും. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന റാങ്കിലുള്ള യൂനിവേഴ്സിറ്റികളെയും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളെയും ഈ രംഗത്തെ വിദഗ്ധര്‍ പരിചയപ്പെടുത്തും.
കരിയര്‍ ഗൈഡന്‍സിനൊപ്പം സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. മാസ്റ്റര്‍ കണ്‍സള്‍ട്ടന്റും വിദ്യാഭ്യാസ വിദഗ്ധനുമായ ദിലീപ് രാധാകൃഷ്ണന്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കും.
ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും മീഡിയവണ്‍ എജ്യുനെക്സ്റ്റിന്റെ ഭാഗമാണ്. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് കണ്‍സള്‍ട്ടന്റ് കരീമ ഹാഷിം അല്‍ യുസുഫ്. ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പൽമാര്‍ മുഖ്യാതിഥികളാവും.