മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരങ്ങൾ ഖത്തറിൽ വിതരണം ചെയ്തു
പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടി ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്.
ദോഹ. പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയ വൺ ഏർപ്പെടുത്തിയ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് പുരസ്‌കാരങ്ങൾ ഖത്തറിൽ വിതരണം ചെയ്തു. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാർക്ക് നേടി ഉന്നത വിജയം നേടിയവരെയാണ് ആദരിച്ചത്. മെഷാഫിലെ പൊഡാർ പേൾ സ്‌കൂളിൽ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിൽ ഖത്തർ യൂണിവേഴ്‌സിറ്റി പ്രൊഫസറും എഴുത്തുകാരിയുമായ ശുആ അൽ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള മുന്നൂറിലേറെ വിദ്യാർഥികൾ പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യൻ എംബസി അപെക്‌സ് ബോഡി നേതാക്കളായ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.ബി.എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ എസ്.എ.എം ബഷീർ, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അബ്ദുൽ സമദ്, സി.ഐ.സി വൈസ് പ്രസിഡന്റ് ഇ.അർഷദ്.. മീഡിയവൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശേരി, മീഡിയവൺ അഡൈ്വസറി ബോർഡ് മെമ്പർ അബ്ദുല്ല കണ്ണാടിക്കൽ, പൊഡാർ പേൾ സ്‌കൂൾ പ്രസിഡന്റ് സാം മാത്യു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, പൊഡാർ പേൾ സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജരി റിക്രിവാൾ തുടങ്ങിവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഖത്തറിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 30 വിദ്യാർഥികൾക്ക് ഷൈൻ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന്റെ സിൽവർ മെഡലും സമ്മാനിച്ചു. ഖത്തർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഉന്നത വിജയം സ്വന്തമാക്കി ഖത്തർ അമീറിൽ നിന്ന് ഗോൾഡ് മെഡൽ വാങ്ങിയ അബ്ദുൽ ബാസിത്ത് നൗഷാദിനെയും ചടങ്ങിൽ ആദരിച്ചു. കെ.സി അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. എഡ്‌സിപ് എജ്യുക്കേഷൻ, ഏഷ്യൻ മെഡിക്കൽസ്, ഇസുസു മോട്ടോർസ്, ഷൈൻ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്, സ്‌കൂൾ ഗുരു, റഹീപ് മീഡിയ, സെയ്ഫ് വേൾഡ്, പൊഡാർ പേൾ ഇന്ത്യൻ സ്‌കൂൾ തുടങ്ങിയവരുമായി സഹകരിച്ചാണ് ഖത്തറിൽ മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് അവാർഡ്ദാന പരിപാടി സംഘടിപ്പിച്ചത്.