മെസിയും സംഘവും രാജകീയമായി പറന്നിറങ്ങും; ടീമെത്തുക പ്രത്യേകം അലങ്കരിച്ച വിമാനത്തിൽ
തോൽവിയറിയാതെ കുതിക്കുന്ന ടീമിൽ ആരാധകർ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട്
ഖത്തർ ലോകകപ്പിൽ കിരീട സാധ്യതകൽപ്പിക്കുന്നവരിൽ മുൻനിരയിലുള്ള ടീമാണ് അർജന്റീന. തോൽവിയറിയാതെ കുതിക്കുന്ന ടീമിൽ ആരാധകർ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട്. കിരീട സ്വപ്നങ്ങളുമായി വരുന്ന സംഘം രാജകീയമായി ഖത്തറിൽ പറന്നിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പ്രത്യേകം അലങ്കരിച്ച വിമാനം തയ്യാറായി കഴിഞ്ഞു. അർജന്റീന ജേഴ്‌സിയും പതാകയും അലങ്കരിച്ച വിമാനത്തിന്റെ ചിറകിൽ മെസിയും ഡി മരിയയുമെല്ലാം ഇടം പിടിച്ചിരിക്കുന്നു. അർജൻറീന ദേശീയ എയർലൈൻ കമ്പനിയായ എയർലൈൻ അർജൻറീനയാണ് ദേശീയ ഫുട്ബാൾ ടീമൻെർ ലോകകപ്പ് യാത്രക്കായി പ്രത്യേക വിമാനം സജ്ജമാക്കിയത്.
'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം' എന്ന മുദ്രാവാക്യങ്ങളുമായി ലോകമെങ്ങുമുള്ള ആരാധകരുടെ വികാരം വിമാനത്തിൽ പകർത്തിയിരിക്കുന്നു. ഖത്തർ സർവകലാശാല ക്യാമ്പസാണ് അർജന്റീന ടീമിന്റെ ബേസ് ക്യാമ്പ്, മെക്‌സിക്കോ, സൗദി, പോളണ്ട് ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന നേരിടേണ്ടത്