റമദാനില്‍ നിരത്തുകളില്‍ വേഗത വേണ്ട; നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഇഫ്താര്‍ സമയത്തെ അമിതവേഗത അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ദോഹ: റമദാനില്‍ നിരത്തുകളില്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇഫ്താര്‍ സമയത്തെ അമിതവേഗത അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നോമ്പുറക്കാനും, പുലര്‍ച്ചെ അത്താഴം കഴിക്കാനുമുള്ള സമയങ്ങളില്‍ റോഡുകളില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കരുത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയില്‍ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗം നിര്‍ദേശിച്ചു. അമിത വേഗത സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും അപായമായി മാറും.
ഡ്രൈവിങ്ങിനിടയില്‍ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഇഫ്താര്‍ സമയമായാല്‍ വാഹനം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്ത് നോമ്പു തുറക്കണം.
റമദാനില്‍ പൊതുവെ വൈകുന്നേരങ്ങളിലാണ് റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. ഓഫീസുകളില്‍ നിന്നും ജോലി കഴിഞ്ഞും തിരക്കു പിടിച്ച് വീടുകളിലേക്കുള്ള യാത്രയും, ഷോപ്പിങ് കഴിഞ്ഞുള്ള ധൃതി പിടിച്ച യാത്രയുമെല്ലാം റോഡിലെ തിരിക്കിനും കാരണമാകുന്നു. മുന്‍കരുതലും തയ്യാറെടുപ്പുമായി ഇതൊഴിവാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.