ലോകകപ്പ് അനുഗ്രഹമായി; ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
97,854 പേരാണ് ഈ വർഷം ഏപ്രിലിൽ ഖത്തറിലെത്തിയത്. ഇതിൽ എണ്ണായിരത്തിലേറെ പേർ കടൽമാർഗം എത്തിയ സഞ്ചാരികളാണ്.
Update: 2022-06-03 19:16 GMT
ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം ഏപ്രിലിൽ മാത്രം ഒരുലക്ഷത്തോളം സഞ്ചാരികളാണ് ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്‌ബോളും കോവിഡ് പ്രതിസന്ധി മാറിയതുമാണ് സഞ്ചാരികളുടെ ഒഴുക്ക് കൂട്ടിയതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഏപ്രിലിൽ വെറും 13,312 പേരാണ് ഖത്തറിൽ എത്തിയിരുന്നത്.
എന്നാൽ 97,854 പേരാണ് ഈ വർഷം ഏപ്രിലിൽ ഖത്തറിലെത്തിയത്. ഇതിൽ എണ്ണായിരത്തിലേറെ പേർ കടൽമാർഗം എത്തിയ സഞ്ചാരികളാണ്. ഖത്തർ റെസിഡൻസിനെയും തൊഴിൽ വിസയിൽ വരുന്നവരെയും ഒഴിവാക്കിയാണ് സന്ദർശകരുടെ കണക്ക് എടുത്തത്.
ഏഷ്യൻരാജ്യങ്ങളിൽ നിന്ന് തന്നെയാണ് കൂടുതൽ സന്ദർശകർ, ഏതാണ്ട് 32 ശതമാനം. അതേസമയം യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ആകെ സന്ദർശകരിൽ 20 ശതമാനം യൂറോപ്പിൽ നിന്നാണ്.