റഷ്യന്‍ വാതക വിതരണത്തിന് പകരം സംവിധാനമൊരുക്കാന്‍ ഒറ്റരാത്രി കൊണ്ട് ആര്‍ക്കും സാധിക്കില്ല: ഖത്തര്‍
റഷ്യയില്‍ ഇപ്പോള്‍ നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഖത്തര്‍ എനര്‍ജി പിന്മാറില്ല
യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണത്തിന് ഒറ്റരാത്രി കൊണ്ട് പകരം സംവിധാനം ഒരുക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി. ദോഹ ഫോറത്തില്‍ ഊര്‍ജ സംക്രമണവും സുരക്ഷയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഊര്‍ജ പ്രതിസന്ധിയില്‍ യൂറോപ്പിനെ സഹായിക്കാന്‍ ഖത്തറിന് കഴിയും. പക്ഷെ റഷ്യന്‍ വാതക വിതരണത്തിന് പകരം സംവിധാനമൊരുക്കാന്‍ ആര്‍ക്കും കഴിയില്ല. അതിന് ഏറെ സമയമെടുക്കും. യൂറോപ്പിലേക്കുള്ള ഊര്‍ജവിതരണത്തിന്റെ 40 ശതമാനത്തോളം റഷ്യയില്‍ നിന്നാണ്. അതിനാല്‍ ഒരൊറ്റ രാത്രികൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ പ്രശ്‌നം. 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാതകമാണ് യൂറോപ്പിന് ആവശ്യമായിട്ടുള്ളത്. അതിന് കൂടുതല്‍ വാതക ഉത്പാദക രാജ്യങ്ങളുടെ സഹായം വേണമെന്നും ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ബിന്‍ ഷെരീദ അല്‍കാബി പറഞ്ഞു.
റഷ്യയില്‍ ഇപ്പോള്‍ നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഖത്തര്‍ എനര്‍ജി പിന്മാറില്ല. എന്നാല്‍ ഇനി പുതിയ പദ്ധതികള്‍ക്ക് നിക്ഷേപമിറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുദിവസങ്ങളിലായി നടന്ന ദോഹ ഫോറത്തില്‍ നിരവധി അന്തര്‍ദേശീയ-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയായി.