ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഇനി 100 ദിനങ്ങൾ മാത്രം; നവംബർ 20ന് കിക്കോഫ് വിസിൽ മുഴങ്ങും
ഡിസംബർ 18നാണ് ഫൈനൽ പോരാട്ടം നടക്കുക
ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഇനി 100 ദിനങ്ങൾ മാത്രം അകലം. പുതുക്കിയ ഫിക്‌സ്ചർ പ്രകാരം നവംബർ 20ന് കിക്കോഫ് വിസിൽ മുഴങ്ങുമെന്നാണ് പുതിയ അറിയിപ്പ്. നവംബർ 21ന് നടക്കേണ്ട ഖത്തർ- ഇക്വഡോർ ഉദ്ഘാടന മത്സരമാണ് ഒരു ദിവസം നേരത്തേയാക്കിയത്. ഫിഫ തീരുമാനം ഖത്തർ സ്വാഗതം ചെയ്തു.
ഫിക്‌സ്ചർ പ്രകാരം നവംബർ 21 ഖത്തർ സമയം വൈകിട്ട് ഏഴ് മണിക്ക് അൽബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തർ- ഇക്വഡോർ മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ മത്സരത്തിന് മുമ്പ് രണ്ട് മത്സരങ്ങൾ നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് സെനഗൽ-നെതർലാന്റ്‌സ് മത്സരവും വൈകിട്ട് നാല് മണിക്ക് ഇംഗ്ലണ്ട്-ഇറാൻ മത്സരവും.
ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യം കുറയ്ക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ലോകകപ്പ് ഒരു ദിവസം നേരത്തെ തുടങ്ങാൻ ഫിഫ തീരുമാനിച്ചത്. ഖത്തറും ഇക്വഡോറും ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു, നവംബർ 20ന് ഖത്തർ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഉദ്ഘാടന മത്സരം മാറ്റിയത് മറ്റു മത്സരങ്ങളുടെ സമയക്രമത്തെ ബാധിക്കില്ല.
ഡിസംബർ 18നാണ് ഫൈനൽ പോരാട്ടം നടക്കുക. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ലോകത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഖത്തർ.