മുഴുവൻ അഴിമതികളും മുഖ്യമന്ത്രിയെന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചെന്ന് പി.എം.എ സലാം
Update: 2023-05-10 20:04 GMT
കേരളത്തിൽ നടക്കുന്ന മുഴുവൻ അഴിമതികളും മുഖ്യമന്ത്രിയെന്ന ഒറ്റ ബിന്ദുവിൽ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
അഴിമതിക്കെതിരെ യു.ഡി.എഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും പിഎംഎ സലാം മീഡിയവണിനോട് പറഞ്ഞു. ഖത്തറിൽ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടരി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. എല്ലാ വകുപ്പുകളിലെയും അഴിമതിയാരോപണങ്ങൾ ചെന്നെത്തുന്നത് ഒരേ കേന്ദ്രത്തിലേക്കാണ്.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന സർക്കാർ തന്നെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അഴിമതിക്കെതിക്കും നികുതി വർധന അടക്കമുള്ള ജനദ്രോഹ നടപടികൾക്കും എതിരായ ശക്തമായ താക്കീതാകും മെയ് 20ന് നടക്കുന്ന യുഡിഎഫ് പ്രക്ഷോഭമെന്നും പിഎംഎ സലാം പറഞ്ഞു.