ഇന്‍കാസ് പുനസ്സംഘടനയിലും കല്ലുകടി; കെപിസിസിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഭാരവാഹികള്‍
ഇന്‍കാസ് ഖത്തര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചുകൊണ്ടാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയത്
കോണ്‍ഗ്രസ് പോഷക സംഘടനയായ ഇന്‍കാസ് പുനസ്സംഘടനയിലും കല്ലുകടി തുടരുന്നു. തങ്ങളുടെ അറിവോടെയല്ല പുനസ്സംഘടനയെന്ന് നിര്‍ദേശിക്കപ്പെട്ട ഭാരവാഹികള്‍ ആരോപിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന കെപിസിസിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഭാരവാഹികള്‍ പരസ്യമായി രംഗത്തെത്തിയത്.
ഇന്‍കാസ് ഖത്തര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് നിലവിലെ കമ്മിറ്റിയിലെ ഭാരവാഹികള്‍ തന്നെ രംഗത്തെത്തിയത്.
സമീര്‍ ഏറാമലയെ വീണ്ടും പ്രസിഡന്റാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പുതിയ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, സെക്രട്ടറി മുനീര്‍ വെളിയംകോട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീര്‍ തുവാരിക്കല്‍, ലത്തീഫ് കല്ലായി തുടങ്ങിയവരാണ് പരസ്യമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ എംബസി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രവര്‍ത്തകരെ അവഹേളിക്കുന്ന രീതിയിലാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്നും സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ പറഞ്ഞു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്ത രീതിയിലെ അതൃപ്തി കെപിസിസി നേതൃത്വത്തെ അറിയിച്ചതായി മുന്‍ പ്രസിഡന്റ് കെ.കെ ഉസ്മാന്‍ പറഞ്ഞു.