സൗദിയിലെ അൽഖമീസിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി ഖത്തർ എയർവേയ്‌സ്
ഇതുവരെ നാല് നഗരങ്ങളിലേക്കായി ആഴ്ചയിൽ 93 സർവീസുകളാണ് ഖത്തർ എയർവേസ് ദോഹയിൽ നിന്നും സൗദിയിലേക്ക് നടത്തുന്നത്
ദോഹ: സൗദി അറേബ്യയിലെ അൽ ഖമീസിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ്. പ്രതിവാരം മൂന്ന് സർവീസുകളാണ് നടത്തുക. ഇതോടെ ഖത്തർ എയർവേസിന്റെ സൗദി സർവീസ് കേന്ദ്രങ്ങൾ അഞ്ചാകും. ആഗസ്റ്റ് 22 നാണ് അൽ ഖമീസിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നത്.
പ്രതിവാരം മൂന്ന് സർവീസുകളാണ് തുടക്കത്തിലുണ്ടാവുക. സെപ്തംബർ രണ്ട് മുതൽ സർവീസുകളുടെ എണ്ണം നാലായി ഉയർത്തും. ഈ മാസം 18 മുതൽ റിയാദിലേക്കുള്ള സർവീസുകളുടെ എണ്ണവും കൂട്ടും. നാല് സർവീസുകൾ കൂടുന്നതോടെ പ്രതിവാര സർവീസുകളുടെ എണ്ണം 20 ആകും.
ഇതുവരെ നാല് നഗരങ്ങളിലേക്കായി ആഴ്ചയിൽ 93 സർവീസുകളാണ് ഖത്തർ എയർവേസ് ദോഹയിൽ നിന്നും സൗദിയിലേക്ക് നടത്തുന്നത്. ഖമീസിലേക്കുള്ള സർവീസുകളും റിയാദിലേക്ക് പുതുതായി തുടങ്ങുന്ന സർവീസുകളും കൂടി ചേരുമ്പോൾ ഇത് നൂറ് കടക്കും. ലോകകപ്പ് സമയത്ത് സൗദിയിൽ നിന്നുള്ള ആരാധകർക്ക് ഈ സർവീസുകൾ ഏറെ ഗുണം ചെയ്യും.