പരസ്പരം സഹകരണവും സൗഹൃദവും ഊഷ്മളമാക്കി ഖത്തറും തുര്‍ക്കിയും
ഖത്തര്‍ ലോകകപ്പിന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനെ ഔദ്യോഗികമായി ക്ഷണിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
ദോഹ: സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ ഇരുരാജ്യങ്ങളും 10 പുതിയ കരാറുകളില്‍ ഒപ്പുവച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രിയ സംഭവവികാസങ്ങള്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
വിവരസാങ്കേതിക വിദ്യ, ഊര്‍ജം. ഗതാഗതം, ആരോഗ്യം , ടൂറിസം തുടങ്ങി വിവിധ മേഖലകളിലായി പത്ത് കരാറുകളില്‍ ഖത്തറും തുര്‍ക്കിയും തമ്മില്‍ ഒപ്പുവെച്ചു. ഖത്തറിന്റെ വിഷന്‍ 2030 യ്ക്ക് തുര്‍ക്കി നല്‍കുന്ന പിന്തുണയെ അമീര്‍ പ്രശംസിച്ചു. ഖത്തര്‍ ലോകകപ്പിന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അമീറുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അടക്കമുള്ള ഉന്നതല സംഘവും ഖത്തറിനെ പ്രതിനിധീകരിച്ച് എട്ടാമത് സുപ്രീംസ്ട്രാറ്റജിക് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.