ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഖത്തറിലും നിരോധനം; നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍
40 മൈക്രോണില്‍ കുറവുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഖത്തറിലും നിരോധനം. നിയമം നവംബര്‍ 15 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. കച്ചവട സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ കേന്ദ്രങ്ങള്‍, കമ്പനികള്‍ എന്നിവടങ്ങളിലാണ് നിരോധനം ബാധകമാവുക. ഇവയുടെ വിതരണവും, കൈകാര്യം ചെയ്യലുമുള്‍പ്പെടെ നിരോധനത്തിന്റെ പരിധിയില്‍ പെടും. പകരം, പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
പേപ്പര്‍ കൊണ്ട് നിര്‍മിച്ച ബാഗുകള്‍, തുണി സഞ്ചികള്‍, മണ്ണില്‍ ലയിച്ചുചേരുന്ന തരത്തിലുള്ള ബാഗുകള്‍ എന്നിവയും ഉപയോഗിക്കാനാണ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിക്കുന്നത്.
40 മുതല്‍ 60 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍, ഏത് വിഭാഗത്തില്‍ പെടുന്ന പ്ലാസ്റ്റിക് ബാഗുകളാണെന്ന് അവയില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, പരിസ്ഥിതി സംരക്ഷണം, മാലിന്യ പുനരുപയോഗം എന്നിവ മുന്‍നിര്‍ത്തിയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചത്.