അനാഥ സംരക്ഷണത്തിന് ലോകത്തെ ഏറ്റവും വലിയ കേന്ദ്രമൊരുക്കാന്‍ ഖത്തര്‍ ചാരിറ്റി
റമദാനിലെ പുണ്യദിനമായ 27ാം രാവില്‍ പ്രത്യേക പണസമാഹരണം നടത്തും. 50 ദശലക്ഷം റിയാലാണ് ലക്ഷ്യമിടുന്നത്
ദോഹ: അനാഥ സംരക്ഷണത്തിന് ലോകത്തെ ഏറ്റവും വലിയ കേന്ദ്രമൊരുക്കാന്‍ ഖത്തര്‍ ചാരിറ്റി. ഇതിനായി റമദാനിലെ പുണ്യദിനമായ 27ാം രാവില്‍ പ്രത്യേക പണസമാഹരണം നടത്തും. 50 ദശലക്ഷം റിയാലാണ് ലക്ഷ്യമിടുന്നത്.
റമദാന്‍ 26ന് വെള്ളിയാഴ്ച രാത്രി 9 മുതല്‍12 മണി വരെയാണ് ഇരുപത്തിയേഴാം രാവ് ചലഞ്ച് നടക്കുന്നത്. കതാറയിലെ അല്‍ ഹിക് സ്ക്വയറില്‍ നടക്കുന്ന പരിപാടി യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും. ഖത്തറിലെ പ്രധാന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെ കൂടി പങ്കാളിയാക്കിക്കൊണ്ടുള്ള ചലഞ്ചില്‍ 50 ദശലക്ഷം റിയാല്‍ അതായത് നൂറ് കോടിയിലേറെ രൂപയാണ് ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ അനാഥ സംരക്ഷണ കേന്ദ്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഖത്തര്‍ ചാരിറ്റി. അനാഥന്റെ സന്തോഷവും ദാനം നല്‍കുന്നവന്റെയും സന്തോഷവും ഒരുമിക്കുന്ന അസുലഭ മുഹൂര്‍ത്തമാണ് വെള്ളിയാഴ്ച നടക്കുകയെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി.
ഗസ്സയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാഥരാക്കപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് ആത്മാഭിമാനമുള്ള സുരക്ഷിതമായ ജീവിതമൊരുക്കാനുമാണ് ഓര്‍ഫന്‍ സിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .