ഇസ്രായേല്‍ നരനായാട്ടിന്റെ 100ാം ദിനത്തിലും സമാധാന ശ്രമങ്ങള്‍ തുടർന്ന് ഖത്തർ; പ്രധാന മധ്യസ്ഥ രാജ്യം

അല്‍ അഖ്സ പ്രളയത്തോളം തന്നെ പഴക്കമുണ്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്കും.

Update: 2024-01-14 19:12 GMT
Advertising

ദോഹ: ഗസ്സയിൽ‌ ഇസ്രായേൽ കൂട്ടക്കുരുതി നടത്തുമ്പോൾ ഖത്തറിന്റെ നേതൃത്വത്തിലാണ് നയതന്ത്ര ചര്‍ച്ചകള്‍ നടന്നത്. ഇസ്രായേല്‍ നരനായാട്ട് നൂറാം ദിനത്തിലേക്ക് കടക്കുമ്പോഴും ഖത്തർ സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. ഇതിനിടയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും ഖത്തറിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ വഴിയൊരുക്കി.

അല്‍ അഖ്സ പ്രളയത്തോളം തന്നെ പഴക്കമുണ്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്കും. ഇരുപക്ഷവുമായും ഒരുപോലെ സംവദിക്കാന്‍ ശേഷിയുള്ള രാജ്യമെന്ന നിലയിലാണ് ഖത്തര്‍ മധ്യസ്ഥന്റെ റോളേറ്റെടുത്തത്. ഈജിപ്തും സൗദി അറേബ്യയും തുര്‍ക്കിയും ജോര്‍ദാനുമെല്ലാം സമാധാന ശ്രമങ്ങളില്‍ കാര്യമായ പങ്കുവഹിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഫലസ്തീൻ ജനതയ്ക്ക് അനുകൂലമായ വികാരമുണ്ടാക്കാന്‍ അറബ് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സാധിച്ചു.

ഒപ്പം യുദ്ധം മേഖലയൊന്നാകെ പടരാതെ സൂക്ഷിക്കാനും ചര്‍ച്ചകള്‍ക്കായി. ഇതിനായി അമേരിക്കന്‍ നേതൃത്വം പലതവണ ഖത്തറും ഈജിപ്തും അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നരഹത്യയവസാനിപ്പിക്കാന്‍ ഇസ്രായേലില്‍ അന്താരാഷ്ട്ര സമ്മര്‍ദമുണ്ടായെങ്കിലും ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യങ്ങളും നെതന്യാഹുവിന്റെ കടുംപിടുത്തവും വിലങ്ങുതടിയായി.

ഒടുവില്‍ യുദ്ധം തുടങ്ങി 48 ദിവസത്തിനൊടുവില്‍ നവംബര്‍ 24ന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും ധാരണയായി. ആദ്യം നാല് ദിവസത്തേക്കായിരുന്നു വെടിനിര്‍ത്തല്‍. ചര്‍ച്ചകളിലൂടെ അത് ഏഴു ദിവസം വരെ നീട്ടി. 78 ഇസ്രായേലികളെ കരാര്‍ വഴിയും 32 ഇതര രാജ്യക്കാരെ ഖത്തറിന്റെ ഇടപെടല്‍ വഴിയും ഹമാസ് മോചിപ്പിച്ചു.

ഇതിന്റെ മൂന്നിരട്ടി ഫലസ്തീനികളെ ഇസ്രായേലിനും മോചിപ്പിക്കേണ്ടി വന്നു. ഉപരോധത്തില്‍ വലഞ്ഞ മനുഷ്യര്‍ക്ക് മരുന്നും വെള്ളവും ഭക്ഷണവുമെത്തിക്കാനും ചികിത്സ ലഭ്യമാക്കാനും വെടിനിര്‍ത്തല്‍ വഴിയൊരുക്കി. പക്ഷെ ഡിസംബര്‍ ഒന്നിന് ഇസ്രായേല്‍ കരാര്‍ ലംഘിച്ചു. വീണ്ടും യുദ്ധം തുടങ്ങി. ദോഹ കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും ഇസ്രായേല്‍ വഴങ്ങാന്‍ തയ്യാറായില്ല.

സൗദിയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളുടെ അടിയന്തര യോഗം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശാശ്വത സമാധാനമാണ് ലക്ഷ്യം. സമിതി അമേരിക്കയും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും ഗസ്സയിലെ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഇനിയും അവസാനിപ്പിക്കാനായിട്ടില്ല. ഒരുഭാഗത്ത് ഇസ്രായേലിന്റെ നരനായാട്ടും മറുവശത്ത് സമാധാനത്തിനായുള്ള മുറവിളിയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News