കോവിഡ് കേസുകൾ കുറഞ്ഞു: ഖത്തറില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ്
ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്
ഖത്തറില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ്. നാളെ മുതല്‍ അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയതോടെയാണ് മാളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പള്ളികള്‍, സിനിമാ തിയേറ്ററുകള്‍ ജിംനേഷ്യം തുടങ്ങിയ അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയത്.
അതേ സമയം ആരോഗ്യ കേന്ദ്രങ്ങളിലും മെട്രോ അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങളിലും പതിവുപോലെ തന്നെ മാസ്ക് ധരിക്കണം. അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉപഭോക്താക്കളുമായി ഇടപഴകുന്നവരാണെങ്കിലും അവരും മാസ്ക് ധരിക്കണം. മന്ത്രിസഭാ യോഗം തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ജൂലൈയിലാണ് കോവിഡ് കേസുകള്‍ കൂടിയതോടെ ഖത്തറില്‍ അടച്ചിട്ട മാളുകളും പള്ളികളും പോലും അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്.