'അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ട നരഹത്യക്ക് പച്ചക്കൊടി കാട്ടുന്നു'; തുറന്നടിച്ച് ഖത്തർ അമീർ

ഫലസ്തീൻ കുട്ടികളുടെ ജീവിതവും പ്രധാനമാണ്. അത് കണക്കിലെടുക്കാതെ മുന്നോട്ടു പോകാനാവില്ല. ഇരട്ടത്താപ്പ് അനുവദിക്കാനാവില്ലെന്നും ഖത്തർ അമീർ പറഞ്ഞു.

Update: 2023-10-24 08:54 GMT
Advertising

ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുതെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും അമീർ പറഞ്ഞു. ഖത്തർ ശൂറ കൗൺസിലിന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ഫലസ്തീൻ ജനത. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല, മാനുഷികവും മതപരവുമായ എല്ലാ നന്മകളും അതിർവരമ്പുകളും ഇസ്രായേൽ ലംഘിച്ചു. അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണ്. ഫലസ്തീൻ കുഞ്ഞുങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത ഇരട്ടത്താപ്പ് നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം ഇനിയും പച്ചക്കൊടി കാട്ടരുത്. ഇസ്രായേലിന്റെ അധിനിവേശം കണ്ടില്ലെന്നു നടിക്കരുത്. ആധുനിക കാലത്തും മരുന്നും വെള്ളവും ഭക്ഷണവും പോലും സാധാരണക്കാർക്ക് നേരെയുള്ള ആയുധമാക്കിയിരിക്കുകയാണ്. മേഖലയുടെ സുരക്ഷ ആശങ്കയിലാണ്. യുദ്ധം ഇസ്രായേൽ ജനതക്കും ഫലസതീനും സമാധാനം നൽകില്ല. 1967ലെ അതിർത്തി പ്രകാരം ഫലസ്തീൻ രാജ്യം സ്ഥാപിക്കുകയാണ് പ്രശ്‌നത്തിനുള്ള പരിഹാരം' അമീർ പറഞ്ഞു.

അതേസമയം വെടിനിർത്തലിന് സമയമായില്ലെന്ന നിലപാടിലാണ് യു.എസ്. ഇസ്രായേലിന് പ്രതിരോധിക്കാൻ ഇനിയും സമയം വേണമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഇസ്രായേലിന്റെ യുദ്ധ പദ്ധതികൾ ഗസ്സയിൽ വിജയം കാണില്ലെന്ന ആശങ്കയെ തുടർന്ന് യു.എസ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്ക് അയച്ചു. കരയുദ്ധത്തിനുള്ള തന്ത്രങ്ങളൊരുക്കാനാണ് ഇവരെത്തുന്നത്.

അതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്രായേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട അദ്ദേഹം ഐക്യദാർഢ്യമറിയിച്ചു. ഹമാസിനെതിരെ യു.എസ് ഇന്ന് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News