Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശ് അല്‍ മക്തൂമും തമ്മില്‍ കൂടിക്കാഴ്ച് ചനടത്തി. ബാഗ്ദാദില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സഹകരണ പങ്കാളിത്ത ഉച്ചകോടിക്കിടെയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഉപരോധം അവസാനിച്ച അല്‍ ഉല ഉച്ചകോടിക്ക് ശേഷം ഇതാദ്യമായാണ് ഇരുഭരണാധികാരികളും നേരില്‍ കാണുന്നത്. ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരടങ്ങുന്ന പ്രതിനിധിസംഘവും ചര‍്ച്ചയില്‍ പങ്കെടുത്തു. നയതന്ത്ര ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും പൊതുതാല്‍പ്പര്യമേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ച്ചയിലുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധം നീങ്ങി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തികള്‍ തുറന്ന് യാത്രകള്‍ പുനരാരംഭിച്ചെങ്കിലും കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. അതിനിടെ കഴിഞ്ഞ ദിവസം യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദോഹയിലെത്തി അമീര്‍ ശൈഖ് തമീം അല്‍ത്താനിയുമായി ചര്‍ച്ച നടത്തിയിരുന്നു