ഹൽദിയ പെട്രോകെമിക്കൽസുമായി നാഫ്ത വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തര്‍ എനർജി
രണ്ട് ദശലക്ഷം ടൺ നാഫ്ത വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് ഖത്തർ എനർജി ഒപ്പുവച്ചത്
Update: 2024-06-14 18:40 GMT
ദോഹ: ഇന്ത്യൻ കമ്പനിയായ ഹൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡുമായി (എച്ച്.പി.എൽ) നാഫ്ത വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. രണ്ട് ദശലക്ഷം ടൺ നാഫ്ത വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് ഖത്തർ എനർജി ഒപ്പുവച്ചത്. പത്ത് വർഷത്തേക്കാണ് കരാർ. ഇരു കമ്പനികളും തമ്മിലുള്ള ആദ്യ ദീർഘകാല കരാറാണിത്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്.പി.എൽ ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനികളിലൊന്നാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്ന കരാറിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിൽ അഭിമാനിക്കുന്നുവെന്നും ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.