Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഞായറാഴ്ച്ച വൈകീട്ടാണ് ഔദ്യോഗിക സന്ദര്‍ശനാര‍്ത്ഥം ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി അഫ്ഗാനിലെത്തിയത്. കാബൂള്‍ വിമാനത്താവളത്തില്‍ താലിബാന്‍ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യുഎസ് സൈന്യം പിന്‍വാങ്ങി താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മറ്റൊരു രാജ്യത്തെ ഉന്നതതലപ്രതിനിധിയാണ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി. താലിബാന്‍ നിയോഗിച്ച ഇടക്കാല സര്‍ക്കാരിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാഹ് മുഹമ്മദ് ഹസ്സന്‍ അക്കുന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുള്‍പ്പെടെ മറ്റു ഉന്നതനേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു.
നിലവില്‍ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏക വിദേശരാജ്യം ഖത്തറാണ്. രാജ്യത്ത് സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കുന്നതിന് പരിശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷകളോടെയാണ് അഫ്ഗാന്‍ ജനതയും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ അഫ്ഗാനിലേക്ക് അവശ്യസഹായവസ്തുക്കളുമായി ഇതുവരെ അഞ്ച് വിമാനങ്ങളാണ് ഖത്തര്‍ അയച്ചത്.