Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
അഫ്ഗാനിസ്ഥാനില്‍ കുടുതല്‍ പ്രവിശ്യകള്‍ അധീനതയിലാക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനോടടുക്കവെ ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങള്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ദോഹയിലെ താലിബാന്‍ കാര്യാലയത്തിലെത്തി രാഷ്ട്രീയ കാര്യ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാറുള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സന്നദ്ധരാകണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി താലിബാന്‍ നേതാക്കളോട് ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന രാജ്യാന്തര സമിതി യോഗത്തിന്‍റെ തുടര്‍ച്ചയായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി താലിബാന്‍ നേതാക്കളെ കണ്ടത്. അതെസമയം അഫ്ഗാനിസ്ഥാനിലെ മൂന്നില്‍ രണ്ട് ഭാഗങ്ങളും ഇതിനകം കയ്യടക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനടുത്തെത്തിയതായാണ് വിവരം. വടക്കന്‍ പട്ടണമായ മയ്മനയില്‍ വെച്ച് താലിബാന് ശക്തമായ തിരിച്ചടി നല്‍കിയതായും സൈനിക കമ്മീഷന്‍ തലവന്‍ മുല്ലാ ഷുഹൈബ് ഉള്‍പ്പെടെ 27 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും സര്‍ക്കാര്‍ സൈന്യം അവകാശപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൌരന്മാരെ രക്ഷപ്പെടുത്തുന്നതിനായി ജര്‍മ്മനി നടപടികളാരംഭിച്ചു. ഇതിനായി പ്രത്യേക സൈന്യത്തെ ജര്‍മ്മനി കാബൂളിലേക്കയച്ചിട്ടുണ്ട്.