ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ജനറൽ ആശുപത്രി നവീകരിക്കുന്നു
നവീകരണ പ്രവർത്തനങ്ങൾ മൂന്ന് വർഷം കൊണ്ട് പൂർത്തിയാകും
ദോഹ: ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ മൂന്ന് വർഷം കൊണ്ട് പൂർത്തിയാകും. അത്യാധുനിക സൗകര്യങ്ങളോടെ ഹമദ് ജനറൽ ആശുപത്രി നവീകരിക്കാനാണ് പദ്ധതി. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഈ വർഷം അവസാനത്തോടെ തുടക്കമാകും. രണ്ട് ഇൻപേഷ്യന്റ് കെയർ കെട്ടിടങ്ങൾ നവീകരിക്കുന്നതിനാകും ഈ ഘട്ടത്തിൽ മുൻഗണന നൽകുക. നൂതന സംവിധാനങ്ങളോടെ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം ആശുപത്രി സേവനങ്ങളൊന്നും തടസപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഒപി ക്ലിനിക്കുകൾ ഇതര ആശുപത്രികളിലേക്ക് മാറ്റി താൽക്കാലിക പരിഹാരം കാണും. സർജിക്കൽ, ക്രിട്ടിക്കൽ സർവീസ്, എമർജൻസി വിഭാഗങ്ങൾ എന്നിവയ്ക്കായി ആശുപത്രിയിലെ 370 കിടക്കകൾ പതിവുപോലെ സജ്ജമായിരിക്കും. 40 വർഷമായി ഖത്തറിലെ പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ജനറൽ ആശുപത്രി.