ഖത്തറിൽ വിസ നിയമങ്ങൾ ലംഘിച്ചവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള ഗ്രേസ് പിരീഡ് ഒരു മാസത്തേക്ക് നീട്ടി
മാർച്ച് 31 ന് അവസാനിച്ച കാലാവധിയാണ് ഏപ്രിൽ 30 വരെ നീട്ടിയത്
ഖത്തറിൽ വിസ നിയമങ്ങൾ ലംഘിച്ചവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള ഗ്രേസ് പിരീഡ് ഒരു മാസത്തേക്ക് കൂടി നീട്ടി. മാർച്ച് 31 ന് അവസാനിച്ച കാലാവധിയാണ് ഏപ്രിൽ 30 വരെ നീട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതലാണ് ഖത്തറിൽ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്.
മാർച്ച് 31 വരെ വിവിധ നിയമലംഘനങ്ങൾ നടത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 28,000 തൊഴിലാളികളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആന്റ് ഫോളോഅപ് ഡിപാർട്‌മെന്റിനെ സമീപിച്ചത്. ഇതിൽ 8,227 സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി. 6000 പേർ രേഖകൾ ശരിയാക്കി ഖത്തറിൽ തന്നെ നിയമാനുസൃതം തുടരാനുള്ള അനുമതി നേടി. ഇനിയും അനധികൃതമായി തങ്ങുന്നവർ നീട്ടിയ ഗ്രേസ് പിരീഡിനുള്ളിൽ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ സർവീസ് സെന്ററുകളെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സർവീസ് സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം കേന്ദ്രത്തിൽ നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന പൂർത്തിയാക്കി, തൊഴിൽ വിഭാഗത്തിലേക്ക് കൈമാറും. രണ്ട് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാവും. സധാരണ കേസുകളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയാക്കും. അപേക്ഷാ ഫോറം ആഭ്യന്തര മന്ത്രാലത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.