പാരീസ് ഒളിമ്പിക്‌സിന് തയ്യാറെടുപ്പുകൾ ഊർജിതമാക്കി ഖത്തർ
ടോക്യോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ മുഅതസ് ബർഷിം തന്നെയാണ് ഇത്തവണയും തുറുപ്പ്ചീട്ട്
ദോഹ: പാരീസ് ഒളിമ്പിക്‌സിന് ഒരു മാസം മാത്രം ശേഷിക്കേ തയ്യാറെടുപ്പുകൾ ഊർജിതമാക്കി ഖത്തർ. ടോക്യോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ മുഅതസ് ബർഷിം തന്നെയാണ് ഇത്തവണയും തുറുപ്പ്ചീട്ട്. ഹൈംജംപിൽ 2012 ലണ്ടനിലും 16 ൽ റിയോയിലും വെള്ളി മെഡൽ നേടിയ ബർഷിം കഴിഞ്ഞ തവണ ടോക്യോയിൽ നേട്ടം സ്വർണമാക്കി ഉയർത്തിയിരുന്നു. ഇറ്റാലിയൻ താരം ജിയാൻമാർകോ ടാംബെറിയുമായി സ്വർണം പങ്കിടുകയായിരുന്നു.32 കാരനായ ബർഷിമിൽ ഇത്തവണയും രാജ്യം വലിയ പ്രതീക്ഷയിലാണ്.മൂന്ന് തവണ ലോകചാമ്പ്യൻ കൂടിയായിരുന്നു ബർഷിം. ഈ വർഷം ഖത്തറിൽ നടന്ന ഗ്രാവിറ്റി ചലഞ്ചിലും ബർഷിം മിന്നും പ്രകടനമാണ് നടത്തിയിരുന്നത്.
400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന 2019ലെ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ അബ്ദുറഹ്‌മാൻ സാംബ, ബാസിം ഹമീദ, ദൂദൈ അബാകർ എന്നിവരും പ്രതീക്ഷയാണ്. രണ്ടുതവണ ഏഷ്യൻ ചാമ്പ്യനായ മധ്യദൂര ഓട്ടക്കാരൻ അബൂബകർ ഹൈദർ അബ്ദല്ല 800 മീറ്ററിൽ പൊരുതുന്നു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്.