നാളെ ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങി ഖത്തർ
ഖത്തറിൽ നാളെ രാവിലെ 4.58നാണ് പെരുന്നാൾ നമസ്‌കാരം
ദോഹ: നാളെ ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങി ഖത്തർ. ഈദ് നമസ്‌കാരത്തിനായി പള്ളികളും ഈദ് ഗാഹ് മൈതാനങ്ങളും സജ്ജമായി. പൊതുസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി നാളെ ആരംഭിക്കും.
ഖത്തറിൽ നാളെ രാവിലെ 4.58നാണ് പെരുന്നാൾ നമസ്‌കാരം. പള്ളികളും ഈദ് ഗാഹ് മൈതാനങ്ങളുമായി 675 ഇടങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഇത്തവണ പെരുന്നാൾ നമസ്‌കാരമുണ്ട്. നമസ്‌കാരത്തിനായി രാവിലെ മൂന്നുമണി മുതൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറക്കും. ഇവിടെ നമസ്‌കാര ശേഷം ഖത്തർ ഫൗണ്ടേഷൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ ഗെയിംസ്, ആക്ടിവിറ്റികൾ സംഘടിപ്പിക്കും. നിരവധി ഭക്ഷ്യവിഭവങ്ങളും ഉണ്ടാകും.
ഖത്തറിലെ പൊതുസ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി നാളെ തുടങ്ങും. പൊതുസ്ഥാപനങ്ങൾക്ക് ജൂൺ 20 വരെ അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂൺ 16 മുതൽ 18 വരെയാണ് അവധി. പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.