അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഖത്തര്‍
6 വയസിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം
ഖത്തറില്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം. നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
പ്രതിദിന കോവിഡ് കേസുകള്‍ കൂടിയതോടെയാണ് മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍, പള്ളികള്‍,സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം തുടങ്ങിയ സ്ഥലങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്. 6 വയസിന് മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ മെയ് 18ന് അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഈ നിയമമാണ് പരിഷ്‌കരിച്ചത്. നിലവില്‍ മെട്രോ, കര്‍വ ബസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍, ആശുപത്രികള്‍, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം മാസ്‌ക് നിര്‍ബന്ധമാണ്.
എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. പക്ഷെ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിദിനം അറുനൂറോളം സമ്പര്‍ക്ക കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്.