ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം
സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ ആപ്ലിക്കേഷനിലൂടെ അറിയിക്കാം
ദോഹ: സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കിയത്.
MOCIQATAR എന്ന പേരിലുള്ള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്. ബിൽ, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് പുറമെ, ചൂഷണം, ദുരുപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലൈസൻസിങ്, നിയമലംഘനം, ആരോഗ്യ പ്രശ്‌നങ്ങൾ, സുരക്ഷ തുടങ്ങി പൊതു വിഷയങ്ങളിലും പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം
പരാതികൾ വേഗത്തിൽ തീർപ്പാക്കാനും അതിലൂടെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്കാവശ്യമായ സഹായം അധികൃതരിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പൗരന്മാരുടെയും താമസക്കാരുടെയും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.