നിയന്ത്രണങ്ങളോടെ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങി ഖത്തര്‍

സാമൂഹിക അകലം പാലിക്കല്‍, ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാത്രമേ വിശ്വാസികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ

Update: 2021-07-19 17:43 GMT
Editor : Suhail | By : Web Desk
Advertising

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനി അല്‍ വജ്ബ ഈദ്ഗാഹിലെത്തി നമസ്കാരത്തില്‍ പങ്കെടുക്കും.

പള്ളികളും ഈദ്ഗാഹുകളുമായി ആയിരത്തോളം കേന്ദ്രങ്ങളിലാണ് ഈദ് നമസ്കാരം നടക്കുക. എല്ലായിടങ്ങളിലും രാവിലെ 5.10 ന് നമസ്കാരം ആരംഭിക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പതിവു പോലെ അല്‍ വജ്ബ ഈദ് ഗാഹിലെത്തി നമസ്കാരത്തില്‍ പങ്കെടുക്കും.

രാജകുടുംബാംഗങ്ങള്‍ മന്ത്രിമാര്‍ മറ്റ് പൊതു ജനങ്ങള്‍ തുടങ്ങിയവരും അല്‍ വജ്ബയില്‍ നമസ്കാരത്തിനെത്തും. ദോഹയുടെ വിവിധ മേഖലകള്‍, അല്‍ ഖോര്‍, അല്‍ വക്ര, അല്‍ ഷമാല്‍, ഷഹാനിയ, അല്‍ റയ്യാന്‍, റുവൈസ്, ദഖീറ, ദുഖാന്‍ തുടങ്ങി എല്ലാ ഭാഗങ്ങളിലും നമസ്കാര കേന്ദ്രങ്ങളുണ്ട്. പള്ളികളും ഈദ് ഗാഹുകളുമുള്‍പ്പെടെ മൊത്തം ആയിരത്തോളം വരുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു.

സാമൂഹിക അകലം പാലിക്കല്‍, ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് മാത്രമേ വിശ്വാസികളെ പള്ളികളില്‍ പ്രവേശിപ്പിക്കൂ.

നമസ്കാരപ്പായ ഓരോരുത്തരും സ്വന്തമായി കരുതണം. അംഗസ്നാനം ചെയ്യാനുള്ള സൌകര്യങ്ങളോ മൂത്രപ്പുരകളോ പള്ളികളില്‍ പ്രവര്‍ത്തിക്കില്ല. ഉച്ചയ്ക്ക് ശേഷം ജനങ്ങള്‍ ഒത്തുകൂടാനിടയുള്ള ഭാഗങ്ങളിലും കര്‍ശനമായ സുരക്ഷയുണ്ടാകും. കുടുംബത്തോടൊപ്പം ബീച്ചുകള്‍, കോര്‍ണീഷ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ നിബന്ധനകളോടെ ഒത്തുകൂടാന്‍ നിലവില്‍ അനുമതിയുണ്ട്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News