ചൈനയിൽ നിന്നും കൂടുതൽ എൽ.എൻ.ജി കപ്പലുകൾ വാങ്ങാൻ കരാറൊപ്പുവെച്ച് ഖത്തർ
18 കപ്പലുകൾ നിർമിക്കാൻ ഖത്തറും ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷനും നേരത്തെ ധാരണയിൽ എത്തിയിരുന്നു
ദോഹ: ചൈനയിൽ നിന്നും കൂടുതൽ എൽഎൻജി കപ്പലുകൾ വാങ്ങാൻ കരാറൊപ്പുവെച്ച് ഖത്തർ എനർജി. 6 കൂറ്റൻ കപ്പലുകളാണ് ഖത്തർ വാങ്ങുന്നത്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനത്തിന്റെ ഭാഗമായാണ് ദ്രവീകൃത പ്രകൃതി വാതക നീക്കത്തിനായി ഖത്തർ കൂടുതൽ കപ്പലുകൾ വാങ്ങുന്നത്. 271000 ക്യുബിക് മീറ്റർ വീതം ശേഷിയുള്ളതാണ് ഈ കപ്പലുകൾ. ഏതാണ്ട് രണ്ട് ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ 18 കപ്പലുകൾ നിർമിക്കാൻ ഖത്തറും ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപ്പറേഷനും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. പുതിയ കരാർ അടക്കം 24 കപ്പലുകളാണ് ഖത്തർ ചൈനയിൽ നിന്നും വാങ്ങുന്നത്. 2028 നും 2031 നും ഇടയിലാണ് പുതിയ കപ്പലുകൾ ചൈന ഖത്തർ എനർജിക്ക് കൈമാറുക. എൽ.എൻ.ജി നീക്കത്തിനുള്ള കപ്പലുകളുടെ എണ്ണം 128 ആയി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാറുകൾ. 2030 ഓടെ ഖത്തറിന്റെ പ്രകൃതി വാതക ഉൽപാദനം ഇരട്ടിയായി വർധിപ്പിക്കാനുള്ള വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ചൈനയിലെ ഷാങ്ഹായിയിൽ നടന്ന പരിപാടിയിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി, ചൈനിസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു.