നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറും
നാറ്റോയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഉച്ചകോടിയിലേക്കാണ് ഖത്തറിന് ക്ഷണം ലഭിച്ചത്.
ദോഹ: നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിന് ക്ഷണം ലഭിച്ചു. നാറ്റോയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഉച്ചകോടിയിലേക്കാണ് ഖത്തറിന് ക്ഷണം ലഭിച്ചത്. 2022ലാണ് ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രധാന സൗഹൃദ രാഷ്ട്രമെന്ന നിലയിൽ ഖത്തറിനെ നാറ്റോ ഇതര സഖ്യരാജ്യ പദവിയിലേക്ക് നിർദേശിച്ചത്.
അമേരിക്കയുമായി നയതന്ത്ര-സാമ്പത്തിക മേഖലകളിലെ അടുത്ത ബന്ധത്തിൻറെ പ്രതീകമായാണ് പ്രധാന നാറ്റോ ഇതര സഖ്യ പദവി നൽകുന്നത്. പ്രാധാന നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 19-ാമത്തെ രാജ്യമാണ് ഖത്തർ. കുവൈത്തിനും ബഹ്‌റൈനും ശേഷം ഗൾഫ് മേഖലയിലെ യുഎസിന്റെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി മാറുന്ന മൂന്നാമത്തെ രാജ്യവും. നാറ്റോ ഇതര സഖ്യരാജ്യമായ ശേഷം ആദ്യമായാണ് നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തറിന് ക്ഷണം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച വാഷിംഗ്ടൺ ഡിസിയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഈജിപ്ത്, ജോർദാൻ, ടുണീഷ്യ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ അറബ് രാജ്യങ്ങളും പങ്കെടുക്കും. നാറ്റോ അംഗരാജ്യങ്ങളുൾപ്പെടെ 31 രാജ്യങ്ങൾക്കാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചത്. നാറ്റോ അംഗമല്ലാത്തതിനാൽ ഉച്ചകോടിയിലെ ഔദ്യോഗിക മീറ്റിംഗുകളിൽ ഖത്തർ പങ്കെടുക്കില്ല. മറ്റ് പരിപാടികളുടേയും ചർച്ചകളുടെയും ഭാഗമാകും.