മാസങ്ങള്‍ മാത്രം ബാക്കി; ലോകകപ്പ് കിക്കോഫ് വരെ നീളുന്ന ആഘോഷങ്ങളുമായി ഖത്തര്‍
ഖത്തര്‍ ക്രിയേറ്റ്‌സ് എന്ന ബാനറിലാകും ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക
ലോകകപ്പ് ഫുട്‌ബോളിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കിക്കോഫ് വരെ നീണ്ടുനില്‍ക്കുന്ന കലാസാംസ്‌കാരിക പരിപാടികളുമായി ഖത്തര്‍. ലൈവ് ഫെസ്റ്റിവല്‍സ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കിക്കോഫ് വിസില്‍ മുഴങ്ങും മുമ്പ് തന്നെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉത്സവാന്തരീക്ഷം തീര്‍ക്കാനുള്ള വിഭവങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ് ഈ കൊച്ചുരാജ്യം. മ്യൂസിയങ്ങളിലും ക്രിയേറ്റീവ് ഹബ്ബുകളിലുമായി 17 പ്രദര്‍ശനങ്ങള്‍, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് 10 ഇവന്റുകള്‍, മൂന്ന് ലൈവ് ഫെസ്റ്റിവല്‍, 15 ഖത്തര്‍ ക്രിയേറ്റ്‌സ് ലോഞ്ചുകള്‍, 80 ലേറെ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍, ഇങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കാനിരിക്കുന്നത്.
ഖത്തര്‍ ക്രിയേറ്റ്‌സ് എന്ന ബാനറിലാകും ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക. ഖത്തറിന്റെ സാംസ്‌കാരിക വൈവിധ്യം അടയാളപ്പെടുത്തുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഖത്തര്‍ ക്രിയേറ്റ്‌സെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍ പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഖത്തരി കലാകാരി ഷൗഖ് അല്‍ മനായുടെ ഇഗല്‍ പബ്ലിക് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഈയിടെ ലുസൈല്‍ മറീനയില്‍ പ്രകാശനം ചെയ്തിരുന്നു.