ഫിഫ ക്ലബ് ലോകകപ്പിന് മൂന്നാമതും ഖത്തര്‍ വേദിയായേക്കും
ഈ വര്‍ഷം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ജപ്പാന്‍ പിന്മാറിയതോടെയാണ് വീണ്ടും ഖത്തറിനെ പരിഗണിക്കുന്നത്
ഫിഫ ക്ലബ് ലോകകപ്പിന് മൂന്നാമതും ഖത്തര്‍ വേദിയായേക്കും. ഈ വര്‍ഷം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ജപ്പാന്‍ പിന്മാറിയതോടെയാണ് വീണ്ടും ഖത്തറിനെ പരിഗണിക്കുന്നത്.ഈ വര‍്ഷം അവസാനത്തോടെ ജപ്പാനില്‍ വെച്ചായിരുന്നു ഇത്തവണത്തെ ഫിഫ ക്ലബ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആതിഥേയത്വത്തില്‍ നിന്നും പിന്മാറുകയാണെന്ന് ജപ്പാന്‍ ഫിഫയെ അറിയിച്ചു. ഇക്കാര്യം ഫിഫയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൈനയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് കോവിഡ് കാരണം പിന്നീട് ജപ്പാനിലേക്ക് മാറ്റി നിശ്ചയിച്ചതായിരുന്നു. ജപ്പാനും പിന്മാറിയതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ടൂര്‍ണമെന്‍റിന് ഖത്തര്‍ തന്നെ വേദിയായേക്കുമെന്നാണ് സൂചന. കോവിഡ‍് നിബന്ധനകളെല്ലാം പാലിച്ചാണ് കഴിഞ്ഞ തവണ ഖത്തര്‍ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. മുപ്പത് ശതമാനം മാത്രം കാണികളെ പ്രവേശിപ്പിച്ചായിരുന്നു ടൂര്‍ണമെന്‍റ് നടന്നത്. ലോകകപ്പിനും അതിന് മുമ്പ് ഫിഫ അറബ് കപ്പിനും ഖത്തര്‍ തയ്യാറെടുത്തു കഴിഞ്ഞതിനാല്‍ തന്നെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് ബുദ്ധിമുട്ടുണ്ടാകില്ല.
എന്നാല്‍ അറബ് കപ്പിന്‍റെ ഷെഡ്യൂളിനനുസരിച്ച് ക്ലബ് ലോകകപ്പിന്‍റെ തിയതി മാറ്റി നിശ്ചയിക്കേണ്ടി വരും. ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് ഫിഫ ഉടന്‍ പുറത്തിറക്കും. വ്യത്യസ്ത വന്‍കരകളിലെ ചാംപ്യന്മാരുള്‍പ്പെടെ ഏഴ് ക്ലബുകളാണ് ഫിഫ ക്ലബ് ലോകകപ്പില്‍ മാറ്റുരയ്ക്കുക. യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയാണ് ഇത്തവണത്തെ പ്രധാന ടീം. ബയേണ്‍ മ്യൂണിച്ചാണ് ടൂര്‍ണമെന്‍റിലെ നിലവിലുള്ള ജേതാക്കള്‍