ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചു; സന്ദര്‍ശിച്ചത് 75000 പേര്‍
വന്‍ പങ്കാളിത്തമുണ്ടായതായി ഖത്തര്‍ ടൂറിസം
പ്രഥമ ഖത്തര്‍ ടോയ് ഫെസ്റ്റിവലില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതായി ഖത്തര്‍ ടൂറിസം. 25 ദിവസം 75000 പേരാണ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചത്.
ഖത്തറിൻെറ വിനോദ സഞ്ചാര മേഖലയിൽ പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്താണ് ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ സമാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കളിപ്പാട്ട നിര്‍മാതാക്കളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമെല്ലാം സമ്മേളിച്ച വേദി പുതിയ അനുഭവമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമ്മാനിച്ചത്.
ജൂലായ് 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങൾ ഒഴുകിയെത്തി. ബാർനി, ബാർബി, ആൻഗ്രി ബേർഡ്സ്,സോണിക്, ട്രാൻസ്ഫോമേഴ്സ് തുടങ്ങിയ 25ഓളം ബ്രാൻഡുകളാണ് മേളയിൽ പങ്കെടുത്തത്.
കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് പൂർണസമയം കളിക്കാനും ആസ്വദിക്കാനുമെല്ലാം അവസരങ്ങൾ തീർത്തായിരുന്നു 25 ദിവസത്തെ മേള ക്രമീകരിച്ചത്.ഓരോ ദിവസവും ശരാശരി 3000 എന്ന നിലയിൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്. വ്യാഴം, വെള്ളി, ശനി തുടങ്ങിയ വരാന്ത്യങ്ങളിൽ തിരക്ക് ഇരട്ടിയോളം വർധിച്ചു.