Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് യാത്രാ ചട്ടം പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഖത്തറില്‍ വെച്ച് വാക്സിന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനാണ് നിര്‍ബന്ധമാക്കുന്നത്. രണ്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ പുറത്തിറങ്ങാം. ഖത്തറിന് പുറത്ത് നിന്ന് വാക്സിനെടുത്തവരാണെങ്കില്‍ പത്ത് ദിവസത്തെ ഹോട്ടല് ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ഓണ്‍ അറൈവല്‍, സന്ദര്‍ശക വിസക്കാര്‍ക്കും പത്ത് ദിവസത്തെ ഹോട്ടല് ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.
കുടുംബ, ടൂറിസ്റ്റ്, വർക് വിസയിലെത്തുന്ന യാത്രക്കാർ രാജ്യത്തിന് പുറത്തു നിന്നാണ് വാക്സിൻ സ്വീകരിച്ചതെങ്കിൽ അവർക്കും 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. വാക്സിൻ സ്വീകരിക്കാത്ത കുടുംബ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ് വിസയുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവില്ല.
പുതിയ യാത്രാ നയം പ്രകാരം, ഓൺ അറൈവൽ വിസയിലെത്തുന്ന യാത്രക്കാർക്കും 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാകും. ഇന്ത്യക്ക് പുറമെ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ, ഫിലീപ്പീൻസ്, ശ്രീലങ്ക എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പുതിയ നിയമങ്ങൾ ബാധകമാണ്. ജൂലൈ 12ന് പ്രാബല്ല്യത്തിൽ വന്ന യാത്രാ നയങ്ങളിൽ ഭേദഗതി വരുത്തിയാണ് ആഗസ്റ്റ് രണ്ട് മുതൽ പുതിയ നിയമം നടപ്പിലാവുന്നത്.