ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ പുതുക്കാം
മാര്‍ച്ച് 17ന് ശേഷമാകും ഈ സൌകര്യം പ്രാബല്യത്തില്‍ വരിക
ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ നടപടിക്രമമായ ഇസ്തിമാറ പുതുക്കാം. ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം അറിയിച്ചത്.
നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കൽ ഉൾപ്പെടെയുള്ള നടപടികൾ മാർച്ച് 17ന് ശേഷമായിരിക്കും പ്രാബല്ല്യത്തിൽ വരിക.ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാർച്ച് 17നാണ് അവസാനിക്കുന്നത്. തുടർന്ന് രാജ്യത്തെ ഗതാഗത നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് അധികൃതരുടെ നീക്കം.
ഗതാഗത ലംഘനങ്ങളുടെ ഒത്തുതീര്‍പ്പ് കാലാവധി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിലവിൽ ട്രാഫിക് ലംഘനങ്ങൾക്ക് പിഴചുമത്തപ്പെട്ടവർ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കുകയാണെങ്കിൽ 50 ശതമാനം പിഴ നൽകിയാൽ മതിയാവും. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ട്രാഫിക് ഫൈൻ അടച്ചു തീർപ്പാക്കാവുന്നതാണ്.