Writer - സൈഫുദ്ദീന്‍ പി.സി
ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.
അഫ്ഗാന്‍ പ്രശ്നത്തില്‍ ഇതുവരെ നടത്തിവന്ന ഇടപെടലുകള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ അസ്ഥിരമാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതിനാല്‍ തന്നെ അഫ്ഗാനില്‍ സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിന് വിവിധ രാജ്യങ്ങളുടെ ഇടപെടലുകള്‍ തുടരേണ്ടതുണ്ട്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ്സിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
''എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണ സംവിധാനം അഫ്ഗാനിസ്ഥാനില്‍ നിലവില്‍ വരണം.'' യുഎസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന്‍ ഭീകരവാദ പ്രവര‍്ത്തനങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ''താലിബാന്‍ നേതാക്കളുമായി ഇതിനകം നിരവധി ചര്‍ച്ചകള്‍ ഖത്തര്‍ നടത്തി. എന്നാല്‍ ഖത്തറിന്‍റെ ആവശ്യങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല''. താലിബാനുമായി ചര്‍ച്ചകള്‍ തുടരുകയല്ലാതെ അഫ്ഗാന്‍ സമാധാനത്തിന് മറ്റൊരു വഴിയുമില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു