ഗസ്സയിലെ വെടി നിർത്തലും തടവുകാരുടെ കൈമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഖത്തർ
കരാർ വ്യവസ്ഥകൾ സുഗമമായി നടപ്പാക്കുന്നതിന് ദോഹയിൽ ഓപ്പറേഷൻ റൂം പ്രവർത്തിക്കുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ദോഹ: ഗസ്സയിലെ വെടി നിർത്തലും തടവുകാരുടെ കൈമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഖത്തർ. കരാർ വ്യവസ്ഥകൾ സുഗമമായി നടപ്പാക്കുന്നതിന് ദോഹയിൽ ഓപ്പറേഷൻ റൂം പ്രവർത്തിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹമാസിനും ഇസ്രായേലിനുമിടയിലും തടവുകാരുടെ കൈമാറ്റത്തിൽ പങ്കുവഹിക്കുന്ന റെഡ്‌ക്രോസ് ഇന്റർനാഷണൽ കമ്മിറ്റിയുമായും നിരന്തര സമ്പർക്കത്തിലൂടെ ഏകോപനം സാധ്യമാക്കും. മധ്യസ്ഥ കരാർ പ്രകാരമുള്ള 50 ബന്ദികളുടെയും, ഇസ്രായേൽ ജയിലിലുള്ള ഫലസ്തീൻ തടവുകാരുടെയും കൈമാറ്റം സംബന്ധിച്ച് ദോഹയിലെ ഓപറേഷൻ റൂം കൃത്യമായി വിലയിരുത്തുമെന്ന് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.
ബന്ദികളുടെ കൈമാറ്റം സുരക്ഷിതമായാണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും ഘട്ടങ്ങളിൽ കരാർ ലംഘനം നടന്നാൽ വേഗത്തിൽ ആശയ വിനിമയം നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും കരാർ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഓപ്പറേഷൻ റൂം പ്രവർത്തിക്കുന്നത്.