ഗസ്സയിൽ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ
മേഖലയൊന്നാകെ യുദ്ധം വ്യാപിക്കുന്നത് തടയുക കൂടിയാണ് സമാധാന ശ്രമങ്ങളിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍. മേഖലയൊന്നാകെ യുദ്ധം വ്യാപിക്കുന്നത് തടയുക കൂടിയാണ് സമാധാന ശ്രമങ്ങളിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തെക്കന്‍ ലബനനിലും സിറിയയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ മേഖലയൊന്നാകെ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നത്.
എന്നാല്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കുന്നത് ചര്‍ച്ചകളെ ബാധിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരയുദ്ധം സാധാരണക്കാരുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്നും ഖത്തര്‍ ഓര്‍മിപ്പിച്ചു. അതേസമയം ഇസ്രായേല്‍ ജയിലിലുള്ള ഫലസ്തീനികളെ വിട്ടയച്ചാല്‍ ബന്ദികളെ കൈമാറാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നു. 6500 ലേറെ ഫലസ്തീനികളാണ് ഇസ്രായേലിലെ ജയിലുകളിലുള്ളത്.